കോഴിക്കോട്: (kozhikode.truevisionnews.com) വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കേരളാ കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ പറഞ്ഞു.
കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വ യോഗം ശിക്ഷക്‌സദൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കാത്തപക്ഷം കേരളാ കോൺഗ്രസ് നടത്തിവരുന്ന സമരങ്ങൾ ശക്തമാക്കുമെന്ന് പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം കൂടിയായ വർഗീസ് വെട്ടിയാങ്കൽ മുന്നറിയിപ്പു നൽകി.
കാടിറങ്ങി വരുന്ന വന്യജീവികള്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തുന്ന, കൃഷികള്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വന്നിട്ടും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണ്.
1972 ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നിഉൾപ്പെടെയുള്ള വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ അനുവാദം നല്‍കുക, നഷ്ടപരിഹാരതുക ഉയര്‍ത്തി കാലതാമസം വരുത്താതെ നല്‍കുക, വന്യജീവികള്‍ക്ക് കാടിനുള്ളില്‍ ഭക്ഷണവും ജലവും ലഭ്യമാക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക, കേരള ബജറ്റില്‍ ഈ കാര്യത്തിനായി കൂടുതല്‍ തുക നീക്കി വയ്ക്കുക, ഫെന്‍സിംഗ്, കിടങ്ങുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, ആനകളിറങ്ങുന്ന പ്രത്യേക മേഖലകളില്‍ കൂടുതല്‍ സ്പെഷ്യല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കേരളാ കോൺഗ്രസ് പാർട്ടിയും കേരള കര്‍ഷക യൂണിയനും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സമരം നടത്തിവരുന്നത്.
പാർട്ടി ജില്ലാ പ്രസിഡന്റ് പി എം ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം ആലിക്കുട്ടി ഏറക്കോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്ക് യോഗത്തിൽ സ്വീകരണം നടത്തി.
രാജീവ് തോമസ്, ഹെലൻ ഫ്രാൻസിസ്, ടി മനോജ് കുമാർ,ടെന്നിസൺ ചാത്തങ്കണ്ടം ,വിജയൻ ചാത്തോത്ത്, പി അഷ്‌റഫ് മേപ്പയ്യൂർ,ജോസ് ജെയിംസ്,ടി പി ചന്ദ്രൻ,ടോമി വള്ളിക്കാട്ടിൽ,ജെയിംസ് വേളാശ്ശേരി, ജോണി പ്ലാക്കാട്ട് എന്നിവർ പ്രസംഗിച്ചു.
#Wildlife #harassment #failure #action #violation #humanrights #VargheseVettiyangal