കോഴിക്കോട് : ( kozhikode.truevisionnews.com ) കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് കോഴിക്കോട് കളമൊരുങ്ങി. മലബാറിൽ 200 ലേറെ ഫുട്ബോൾ താരങ്ങളുടെ പങ്കാളിത്വമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ( 40 - 60 വയസ്സ് ) ഡിസംബർ 21 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ് മാൻ ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ തുടങ്ങും.
ടൂർണ്ണമെൻ്റ് പ്രചരണത്തിൻ്റെ ഭാഗമായി 19 ന് രാവിലെ 7 .30 ന് കോഴിക്കോട് ബീച്ചിൽ സെ നോ ടു ഡ്രഗ്സ് സെ യെസ് ടു ഫുട്ബാൾ എന്ന മുദ്രാവാക്യം ഉയർത്തി കൂട്ടഓട്ടം സംഘടിപ്പിക്കും. സൗത്ത് ബീച്ചിന് മുന്നിൽ ആരംഭിച്ച് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം സമാപിക്കും.
21 ന് വൈകീട്ട് 4.30 ന് ഉദ്ഘാടനം . തുടർന്ന് 14 ദിവസങ്ങളിലായി വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ രണ്ട് മാച്ച് വീതം മത്സരം നടക്കും . 10 ടീം മുകളിലും വിവിധ ജില്ലകളിൽ നിന്നുള്ള കളിക്കാർ മത്സര രംഗത്ത് ഉണ്ടാകും . ഒരു ടീമിൽ 11പേരുണ്ടാകും. ജനുവരി 2 ന് സെമിയും 4 ന് ഫൈനൽ റൗണ്ട് മത്സരവും നടക്കും.
ടൂർണ്ണമെൻ്റ് ലോഗോ പ്രകാശനം കേരള മാസ്റ്റേർസ് ഫുട്ബാൾ ക്ലബ് പ്രസിഡൻ്റ് സലീം പന്തീരാങ്കാവ് നിർവ്വഹിച്ചു. അവശത അനുഭവിക്കുന്ന പഴയ കാല കളിക്കാർക്കും വളർന്ന് വരുന്നവർക്കും സഹായങ്ങൾ ചെയ്യാറുണ്ട്. ഇത്തവണയും ഇത്തരം പദ്ധതി തുടരുമെന്ന് സലീം പന്തീരാങ്കാവ് പറഞ്ഞു.
കോഴിക്കോട് സ്വദേശിയും മലേഷ്യ അസ്ഥാനമായ ഗ്ലോബൽ മാസ്റ്റേഴ്സ് ഫുട്ബാൾ ഓർഗനൈസേഷൻ മെമ്പറുമായ എൻ കെ. അൻവറും മുൻ തമിഴ്നാട് സന്തോഷ് ട്രോഫി ഫുട്ബോൾ താരവുമായ കെ അഷറഫും ചേർന്ന് 2016 ൽ കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ആരംഭിച്ച ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയാണ് കേരള മാസ്റ്റേർസ് ഫുട്ബാൾ ക്ലബ് , കളിക്കാരനാവാൻ വേണ്ടി ആഗ്രഹിച്ച് നടന്ന കാലത്ത് വിവിധ ജീവിത സാഹചര്യങ്ങളാൽ കളിക്കാരനാവാൻ കഴിയാതെ പോയ കളിക്കാർക്ക് ജീവിത സായാഹ്നത്തിൽ സന്തോഷം പകരാൻ, കളിക്കളത്തിലെ ഓർമകൾ പുതുക്കാനുമായാണ് കേരള മാസ്റ്റേർസ് ഈ ടൂർണ്ണമെൻ്റിന് തുടക്കം കുറിച്ചത്.
2018 മുതൽ മാസ്റ്റർ സൂപ്പർ ലീഗ് ( എം എസ് എൽ ) തുടക്കമിട്ടു. 2025 ൽ ഏഴാമത് എം എസ് എൽ ഒരുങ്ങുമ്പോൾ ഇതിനകം 1250 ഫുട്ബാൾ താരങ്ങളെ പരിചയപ്പെടുത്താൻ കഴിഞ്ഞതായി കേരള മാസ്റ്റേർസ് ഫുട്ബാൾ ക്ലബ് ഭാരവാഹികൾ അഭിപ്രായപെട്ടു. ക്ലബ് ഇത് വരെ നേപ്പാൾ , ശ്രീലങ്ക, ദുബായ് , മലേഷ്യ, തായ്ലാൻ്റ് , ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നടന്ന ഗ്ലോബൽ വെറ്ററൻസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു, ഇതിൽ ശ്രീലങ്ക , ദുബായ് ,ഇന്തോനേഷ്യ , തായ്‌ലൻഡ് എന്നിവിടങ്ങളിൽ കേരള മാസ്റ്റേർസ് ചാമ്പ്യൻഷിപ്പ് നേടിയതായും അവർ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ കേരള മാസ്റ്റേർസ് ഫുട്ബാൾ ക്ലബ് സ്ഥാപകൻ എൻ കെ അൻവർ , പ്രസിഡൻ്റ് സലീം പന്തീരാങ്കാവ് , ടൂർണമെൻ്റ് കമ്മിറ്റി വൈസ് ചെയർമാൻ ഷമീം റാസാ , കൺവീനർ സുനിൽ മാധവ് , ജോയിൻ്റ് സെക്രട്ടറിമാരായ സി അബ്ദുൾ സമദ് , അഷ്കർ പെപ്പർഗ്രെ എന്നിവർ പങ്കെടുത്തു.
Kozhikode gears up for Masters Super League Football Tournament Inauguration on December 21st evening



































