കോഴിക്കോട് : ( kozhikode.truevisionnews.com ) നിര്‍മാണം നടക്കുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിലെ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെയുള്ള ഭാഗത്തെ പ്രവൃത്തി പൂര്‍ത്തിയാക്കി ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവകുപ്പ്, കെ.എസ്.ഇ.ബി. എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ മാറ്റി സ്ഥാപിക്കല്‍, ക്രോസ് ഡക്ട് നിര്‍മാണം എന്നിവ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഡ്രെയിനേജ് പ്രവൃത്തി ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കും. ജനുവരി ആദ്യ ആഴ്ച ടാറിങ് പ്രവൃത്തി തുടങ്ങുമെന്നും ഇതിന് ആവശ്യമെങ്കില്‍ പോലീസുമായി ചര്‍ച്ച ചെയ്ത് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് അടിയന്തരമായി പരിഹരിച്ച് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഓരോ ആഴ്ചയും യോഗം ചേരാനും തീരുമാനമായി. യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, പൊതുമരാമത്ത്, ജലം, കെ.എസ്.ഇ.ബി തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Mananchira-Malaparamba road construction to be completed in January Minister PA Muhammed Riyas


































