കോഴിക്കോട് : (kozhikode.truevisionnews.com) ഒക്ടോബർ 15, 16, 17 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ കായികതാരങ്ങൾക്ക് കരുത്തും കരുതലുമായി സ്പോർട്സ് ആയുർവേദ ടീം. മത്സരത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾക്ക് പ്രാഥമിക ചികിത്സ നല്കാനും കായികക്ഷമത ഉറപ്പാക്കാനുമാണ് സദാസജ്ജരായിരിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി 300 ഓളം പേരാണ് ഇവിടെ ചികിത്സക്കെത്തിയത്. സബ്ജില്ല മുതൽ ദേശീയ അന്തർദേശീയ കായിക മേളകളിൽ വരെ കഴിഞ്ഞ 15 വർഷമായി സ്പോർട്സ് ആയുർവേദ യുടെ പ്രഥമ ശുശ്രുഷ ക്യാമ്പ് കേരളത്തിൽ ഉടനീളം പ്രവർത്തിച്ചു വരുന്നു. മത്സരത്തിന് മുൻപ് താരങ്ങളുടെ ആരോഗ്യ സാഹചര്യവും കായിക ക്ഷമതയും പരിശോധിക്കുകയും ആവശ്യമുള്ളവർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.
തലയാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലാണ് സ്പോർട്സ് ആയുർവേദ യൂണിറ്റ് പ്രവർത്തിച്ചു വരുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചു കായിക ക്ഷമത കൂട്ടാനും അത് വഴി ശാരീരികവും മാനസികവുമായ മികച്ച നിലവാരം പുലർത്താനും സ്പോർട്സ് ആയുർവേദ മുൻകൈ എടുക്കുന്നു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ കായിക താരങ്ങൾക്കായ് നടപ്പാക്കി വരുന്ന ഒരു സമ്പൂർണ പദ്ധതിയാണ് സ്പോർട്സ് ആയുർവേദ. സ്പോർട്സ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: ജി. ഗീതുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
Sports Ayurveda prepares athletes for Revenue District School Sports Festival

































